അകലെ നിന്നു നോക്കുമ്പോള്
താഴേക്കു കുത്തിയിറക്കിയ
കരിനിഴല്‍ പോലെയും
വയറുകീറി ചാക്കില്‍ കെട്ടി
കൊണ്ടിട്ട് കൊണ്ടിട്ട്
ശവപ്പേടി മാറിയും
കൊക്കാലക്കുളം.
കുളമെത്തും മുന്‍പ്
വളവിന്നിടതുഭാഗത്തുള്ള
സൈന്‍ബോര്‍ഡ് കടയില്‍
ജോലി ചെയ്യും നിര്‍മ്മലച്ചേച്ചി
വെറുതെ വിചാരിക്കും
ഏഴമ്പത് മുന്നൂറ്റമ്പതും
ഞായറും കിഴിച്ച് മുന്നൂറ്;
ഞായറില്ലെങ്കില്‍
ആയിരത്തഞ്ഞൂറായ്
തീരുമെന്‍ മാസശ്ശമ്പളം;
നാടാരുടെ അരിക്കടക്കണ-
ക്കെഴുത്തുകാരിയാം
അനിയത്തിക്കുണ്ട്
ആയിരത്തിയെണ്ണൂറ്.
മൈക്കയും അക്രിലിക് ഷീറ്റും
മുറിക്കും വട്ടവാള്‍ക്കറക്കത്തില്‍
പെട്ടുപോകും വിരലുകളില്‍
പച്ചുള്ളി ചതച്ചു വച്ചു
ഉണക്കിയതിന്‍ പാടുകള്‍
പുതുക്കപ്പെടുന്നുണ്ടിടക്കിടെ.
സന്ധ്യയാകുമ്പം വീട്ടിലെത്തേ
പ്രായമായൊരമ്മതന്‍'കുസൃതികള്‍'
കാണ്‍കെ ഗുണദോഷിച്ചും
ശകാരിച്ചും നിര്‍മ്മലച്ചേച്ചി.
കൊട്ടന്‍ചുക്കാദിയും
കര്‍പ്പൂരാദിത്തൈലവും ചേര്‍ത്ത്
സന്ധികളില്‍ തേച്ചും
ചുടുവെള്ളത്തിലൊരു കുളിയും
നിര്‍മ്മലച്ചേച്ചിയുടെ പതിവുകള്‍;
പിന്നെ മൂന്നുപേര്‍ ചേര്‍ന്ന-
ത്താഴം കഴിച്ചു കിടക്കുന്നു.
ഉറക്കം വരാതെ നിര്‍മ്മലച്ചേച്ചി
വെറുതെ കിടക്കുമ്പോള്‍
നാല്പതു കഴിഞ്ഞ അനിയത്തിയും,
അമ്മയും കൂര്‍ക്കം വലിക്കുന്നു;
പിന്നെയെപ്പോഴൊ
നിര്‍മ്മലച്ചേച്ചിയും
ഒപ്പം വലിക്കയായ്.
മൂന്നുപേര്‍ചേര്‍ന്നുള്ള സുഷുപ്തിയില്‍
മൂന്നു പേര്‍ ചേര്‍ന്ന് ഒറ്റ തുരീയവും;
എന്തൊരത്ഭുതം ദൈവമേ !.
-------------------
കൊക്കാല:തൃശൂര്‍ റെയില്‍വേസ്റ്റേഷന്‍ ഉള്‍പ്പെടുന്ന സ്ഥലം
മലയാളകവിതയില്‍ പ്രസിദ്ധീകരിച്ചത്