Tuesday, March 1, 2011

സുഷുപ്തികള്‍ മൂന്ന് തുരീയം ഒന്ന്

 അകലെ നിന്നു നോക്കുമ്പോള്
താഴേക്കു കുത്തിയിറക്കിയ
കരിനിഴല്‍ പോലെയും
വയറുകീറി ചാക്കില്‍ കെട്ടി
കൊണ്ടിട്ട് കൊണ്ടിട്ട്
ശവപ്പേടി മാറിയും
കൊക്കാലക്കുളം.

കുളമെത്തും മുന്‍പ്
വളവിന്നിടതുഭാഗത്തുള്ള
സൈന്‍ബോര്‍ഡ് കടയില്‍
ജോലി ചെയ്യും നിര്‍മ്മലച്ചേച്ചി
വെറുതെ വിചാരിക്കും
ഏഴമ്പത് മുന്നൂറ്റമ്പതും
ഞായറും കിഴിച്ച് മുന്നൂറ്;
ഞായറില്ലെങ്കില്‍
ആയിരത്തഞ്ഞൂറായ്
തീരുമെന്‍ മാസശ്ശമ്പളം;
നാടാരുടെ അരിക്കടക്കണ-
ക്കെഴുത്തുകാരിയാം
അനിയത്തിക്കുണ്ട്
ആയിരത്തിയെണ്ണൂറ്.

മൈക്കയും അക്രിലിക് ഷീറ്റും
മുറിക്കും വട്ടവാള്‍ക്കറക്കത്തില്‍
പെട്ടുപോകും വിരലുകളില്‍
പച്ചുള്ളി ചതച്ചു വച്ചു
ഉണക്കിയതിന്‍ പാടുകള്‍
പുതുക്കപ്പെടുന്നുണ്ടിടക്കിടെ.

സന്ധ്യയാകുമ്പം വീട്ടിലെത്തേ
പ്രായമായൊരമ്മതന്‍'കുസൃതികള്‍'
കാണ്‍കെ ഗുണദോഷിച്ചും
ശകാരിച്ചും നിര്‍മ്മലച്ചേച്ചി.

കൊട്ടന്‍ചുക്കാദിയും
കര്‍പ്പൂരാദിത്തൈലവും ചേര്‍ത്ത്
സന്ധികളില്‍ തേച്ചും
ചുടുവെള്ളത്തിലൊരു കുളിയും
നിര്‍മ്മലച്ചേച്ചിയുടെ പതിവുകള്‍;
പിന്നെ മൂന്നുപേര്‍ ചേര്‍ന്ന-
ത്താഴം കഴിച്ചു  കിടക്കുന്നു.

ഉറക്കം വരാതെ നിര്‍മ്മലച്ചേച്ചി
വെറുതെ കിടക്കുമ്പോള്‍
നാല്പതു കഴിഞ്ഞ അനിയത്തിയും,
അമ്മയും കൂര്‍ക്കം വലിക്കുന്നു;
പിന്നെയെപ്പോഴൊ
നിര്‍മ്മലച്ചേച്ചിയും
ഒപ്പം വലിക്കയായ്.

മൂന്നുപേര്‍ചേര്‍ന്നുള്ള സുഷുപ്തിയില്‍
മൂന്നു പേര്‍ ചേര്‍ന്ന് ഒറ്റ തുരീയവും;
എന്തൊരത്ഭുതം ദൈവമേ !.
 -------------------
കൊക്കാല:തൃശൂര്‍ റെയില്‍വേസ്റ്റേഷന്‍ ഉള്‍പ്പെടുന്ന സ്ഥലം
മലയാളകവിതയില്‍ പ്രസിദ്ധീകരിച്ചത്


5 comments:

  1. എന്തൊരത്ഭുതം ദൈവമേ

    vaayichirunnu malayalakavitayil
    sasiyude kavithayil oru vyatyasthatha anubhavikkanaavunnunde.varakal enna kavithayilum
    Ashamsakal

    ReplyDelete
  2. മൂന്നു സുഷുപ്തികൾ ഇങ്ങനെ തുരീയം പൂകുമ്പോൾ എന്തൊരാത്മീയ ചൈതന്യമാണ് പ്രസരിക്കുന്നത്, കേവലജീവിതത്തിന്റെ കോലായയിൽ നിന്ന് കവി ഏത് ആത്മീയ ജാഡകളിലേക്കാണ് നീട്ടി തുപ്പുന്നത്?

    ReplyDelete
  3. ജാഗ്രത്ത് ,സ്വപ്നം,സുഷുപ്തി,തുരീയവും...എല്ലാം ഒന്ന് കണ്ചിമ്മി തുറക്കുന്നതിനിടയ്ക്കു...പിന്നെ എങ്ങോട്ടാണീ നെട്ടോട്ടം അല്ലെ... !!!!!!!!!

    ReplyDelete