Tuesday, January 31, 2012

പ്രൗഢമായ മുറിവുകൾ

ഏറ്റ മുറിവ്
പ്രൗമായതാണെങ്കിൽ
മനസ്സങ്ങിനെ 
ഉള്ളനങ്ങാതെ
ഒരു നിൽപ്പുണ്ട്.

ഉള്ള് നിത്യവും 
ആഴം കൂടിക്കൂടി
വരും.

എന്നാലും
ഒടിഞ്ഞു വീഴില്ല.

കാടിളകുമ്പോഴും
എന്തിളക്കമെന്ന്
ചോദിച്ച് 
മസ്തകമുയർത്തിയങ്ങിനെ
ചില മുറിവുകൾ.

Monday, December 19, 2011

അപ്പൊക്കാലിപ്റ്റൊ സിനിമ കാണരുത്

അപൊക്കാലിപ്റ്റോ എന്ന സിനിമയിൽ
ഒറ്റക്കുത്തിന് ഹൃദയം
പറിച്ചെടുക്കുന്ന കാഴ്ചയുണ്ട്.

ഇളംതൂവലുകളിൽ
ചോര പറ്റി അപ്പോൾ
തന്നെ പിറന്ന ഒരു
പക്ഷിക്കുഞ്ഞിനെപ്പോലെ
ഓമനത്തമുള്ള ഹൃദയം.

കൊഴുത്ത് കൊഴുത്ത്
വഴികളടഞ്ഞു തുടങ്ങിയതോ
വീർത്തു തുടങ്ങിയതോ ആയ
ധമനികളോടു കൂടിയ
ഹൃദയത്തിനു പകരം
ഇമ്മാതിരി തുടുത്തതൊന്ന്
പകരം വെക്കാമെന്നു്
തോന്നി കണ്ട മാത്രയിൽ.

(ലിംഗം വെട്ടിയെടുക്കുന്നത്
കാണിക്കുന്നില്ല; അല്ലെങ്കിൽ
അതും വെച്ചുപിടിപ്പിക്കാമോയെന്ന
ശരാശരിച്ചോദ്യം
വന്നേനെ നിന്നിൽ‍ നിന്നും)

ആത്മഹത്യചെയ്ത് ജീവിതം
കണ്ടെത്തുന്നവർ‍ ഈ സിനിമ
കാണരുതൊരിക്കലും;
വെച്ചുപിടിപ്പിക്കാവുന്ന
മിടിപ്പും ഉദ്ധാരണവും
ഓർമ്മയിൽ വന്നിട്ടെന്തു കാര്യം.

(തർജ്ജനിയിൽ പ്രസിദ്ധീകരിച്ചത്)

Tuesday, October 25, 2011

കടലൊച്ച

മാധ്യമം ആഴ്ച്ചപതിപ്പിൽ 
വന്ന ഒരു കവിത(ഒക്ടോബർ 24 -2011)

Friday, September 23, 2011

ദൈവത്തെക്കുറിച്ചുള്ള സംശയം

കല്ലായ കല്ലുകളിലേക്കൊക്കെ
വിവർത്തനം ചെയ്യപ്പെട്ട ദൈവങ്ങൾ;
പ്രപഞ്ചം പുറപ്പെട്ടിടത്തുതന്നെ
തിരിച്ചെത്തണം ഇനി കല്ലുകളില്ലാതാവാൻ;
അതു വഴി ദൈവങ്ങളും.


ദൈവത്തെ ഒരു നാളൊരാൾ
കണ്ണാടിയിലേക്കു വിവർത്തനം ചെയ്തു;
അതിൽ പിന്നെയാരും കണ്ണാടി
കണ്ടിട്ടില്ലെന്നും തോന്നുന്നു.


ദൈവങ്ങളാകാത്ത
കല്ലുകൾകൊണ്ട് ആരും
കണ്ണാടിയുടച്ചിട്ടുമില്ല;
ഇനി ദൈവങ്ങളായ കല്ലുകൾ
ഇരുന്നിടത്തു തന്നെയിരുന്ന്
കല്ലെറിഞ്ഞു കണ്ണാടിയുടയ്ക്കുന്നുണ്ടൊ
ആവോ

-------------------------------------
മലയാളനാട് വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്

Monday, September 12, 2011

Wednesday, September 7, 2011

ചേക്ക

മുഖത്ത് വെളിച്ചം തട്ടുമ്പൊഴെ
കുതിച്ചെത്തുന്നു അഞ്ജാതമാം ഭയം;
നാക്കു ചുഴറ്റി ഉള്ളിലേക്കു
തന്നെ വീഴുന്നു വാക്കുകള്‍

എന്നെക്കാണാത്ത നേരമത്രയും
ഭയമേ എവിടെയായിരുന്നു നീ;
അറിഞ്ഞിരുന്നെങ്കിലവിടെ-
യാക്കാമെന്‍ ചേക്കയുമിനി.

വെളിച്ചത്തിലേക്കെന്തിന്നിറങ്ങണം
കുലുങ്ങിക്കിതക്കണം വെറുതെ
ഞാന്‍ മാത്രമറിഞ്ഞെന്തിന്നു
ചിണുങ്ങിത്തൂവണം കണ്ണീര്‍ .‍‍‍

ആള്‍ച്ചുമരുകള്‍ നോക്കിമറഞ്ഞു
നില്‍ക്കുവാന്‍ വയ്യിനി ഭയമേ;
ആരുമില്ലെന്ന തോന്നലുമില്ലല്ലൊ
നിന്നോടൊത്തു കൂടുമ്പോള്‍

Tuesday, August 2, 2011

നന്നങ്ങാടി

ഭൂമിയിൽ
അവസാനം
മരിക്കുന്ന മനുഷ്യനെ
അടക്കുവാൻ
ആരുമുണ്ടാവില്ല.
 
അപ്പോൾ
ഭൂമി കുഴിയും
ആകാശം
മൂടിയും ആകും

ഭൂമി ഒരാൾക്കുള്ള
ശവപ്പെട്ടി
മാത്രം...

പ്രപഞ്ചത്തെ
പിന്നീടെപ്പോഴൊ
ആരൊക്കെയൊ
എവിടെയൊക്കെയൊ
ഇരുന്ന് കുഴിച്ചു കുഴിച്ചു
നോക്കുമ്പോൾ
ഭൂമിയും കാഴ്ച്ചയിൽ
പെടാതിരിക്കില്ല;
ഉള്ളിൽ ദഹിക്കാത്ത
കുറച്ചസ്ഥികളുമായ്
ഒരു നന്നങ്ങാടി.
------------