Saturday, December 20, 2014

ജലക്കാഴ്ച

        ഒന്ന്

തളം കെട്ടിക്കിടക്കുന്നുണ്ട് ജലം;
അടുത്തായുണ്ട് സാഗരം
പതിവുപോലഗ്നി
പൊട്ടിപ്പൊട്ടി കേറുന്നതിൻ
ശബ്ദവും..

ഒക്കെയുമെരിഞ്ഞു തീരുമ്പോൾ
നോക്കിപ്പോകുന്നു
മഴയൊ വെയിലൊ നിന്നു
കൊള്ളുന്നൊരു കുതിരയെ.

അനന്തവിഹായസ്സു തേടി
നിന്റെ കണ്ണു പോകുമ്പോൾ..
താഴെ തുടിക്കുന്നുണ്ട്
പിന്നെയും ജലം….

       രണ്ട്

കോരിച്ചെരിയും മഴ;
പിടിക്കപ്പെടും
മനുഷ്യനെ മരത്തിൽ തല്ലി
ജീവൻ തെറിപ്പിച്ച്
കുതിരപ്പുറത്തയാളെ
കമഴ്ത്തി കിടത്തി
കൊണ്ടുപോകുന്നതിൻ
വിദൂരക്കാഴ്ചക്കുമേൽ
പിന്നെയും മഴയുടെ
ചില്ലുപൊടികൾ..

ദേഹവും ശിരസ്സും
വരിഞ്ഞുപൊതിഞ്ഞ്
വായ് മാത്രം തുളച്ച,തിലൂടെ
തിളപ്പിച്ച ടാറു പകർന്ന്
കാലിൽ കെട്ടി കുതിരകൾ
വലിച്ചോടുന്നതിൻ
വേവും കാഴ്ചയിൽ
ഉൾപ്പുക പൊന്തുന്നു…

       മൂന്ന്

കാറ്റ് വട്ടം ചുറ്റി
പാടത്തു വീഴുന്നൂ;
കണ്ണീർമഴയിൽ
മറിയവും കവിതയും;

മഴയിലൂടെത്തന്നെ
എരിയുന്ന ഗൃഹക്കാഴ്ച്ച;
പൊന്തി പൊന്തി
തീനാമ്പുകൾ..

ചരിഞ്ഞു വീഴും
ശ്വേതനൂലുകൾ വകഞ്ഞ്
ഓടിപ്പോകുന്നൂ മറിയ;

മറിയ കുമ്പിട്ട് മുഖവും
മുടിയും കഴുകേ
മേൽക്കൂരയൊടൊപ്പം
അടരുന്ന ജലക്കാഴ്ച...
------------------------------

(തർകോവ്സ്കിയുടെ സാക്രിഫൈസ് ,ആന്ദ്രെ റൂബ്ലേവ്, ദ മിറർ
എന്നീ ചിത്രങ്ങളിലെ ചില ദൃശ്യങ്ങൾ ഓർമ്മിച്ചു കൊണ്ടുള്ള ഒരു ശ്രമം)

Sunday, October 19, 2014

അദൃശ്യമായ ​ പക്ഷികള്‍​

മരിച്ചവനിലേക്ക്
നിന്നിലേക്ക് 
നിന്റെ ശബ്ദത്തില്‍
ഞാനെന്റെ ശബ്ദമെത്തിക്കുന്നു;
നിശ്ശബ്ദതയാണെന്റേയും ഭാഷ.

ചില പക്ഷികള്‍
അവരുടെ തന്നെ ശബ്ദങ്ങള്‍ കൊണ്ട്
മൗനമുണ്ടാക്കുന്നു;
അവരുടെ മൗനം
മരിച്ചവരെ ഉണര്‍ത്തുന്ന
സംഗീതവുമാണ്.

മരിച്ചവന്‍ ഉണര്‍ന്നിരിക്കുന്നിപ്പോള്‍.
പക്ഷിയുടേയും
അവന്റേയും ശബ്ദങ്ങള്‍
നിശ്ശബ്ദതകൊണ്ടൂ 
കൊരുത്തിരിക്കുന്നു,

അദൃശ്യമായ മാന്ത്രികതയോടെ
പാട്ടു പാടുന്ന പക്ഷികളിലൂടെ
മരിച്ചവരെ അടുത്തു കാണുവാൻ
രാത്രിയുടെ അന്ത്യയാമം വരെ
ഉണര്‍ന്നിരിക്കയും വേണം.

Friday, August 2, 2013

ശബ്ദലോഹം

ശബ്ദങ്ങൾ കൊണ്ടു
വിളക്കിയ ചങ്ങല
നഗരനിരത്തിലൂടെ
പാഞ്ഞു പാഞ്ഞു പോകുന്നു.

നിരന്തരം വലിഞ്ഞ് വലിഞ്ഞ്
നിരത്ത് തേഞ്ഞതല്ലാതെ
ശബ്ദത്തിനൊരു
തേയ്മാനവുമില്ല.

തന്നെയുമല്ല ശബ്ദത്തിന്റെ
കണ്ണികൾ പുതിയ
ലോഹക്കൂട്ടുകളാൽ
ബലപ്പെടുന്നുമുണ്ട്.

പെട്ടെന്നാവും
ഒച്ചയില്ലാത്ത പല
ശബ്ദങ്ങൾ
ഉള്ളിലൂടെ പല ദിശകളിലേക്കു
പൊയ്ക്കൊണ്ടിരിക്കുന്ന
ഒരാളില്‍ തട്ടി
നിലവിളിയോടെ
ചങ്ങല തട്ടിനിൽക്കുന്നത്.

മനുഷ്യൻ നിശ്ശബ്ദമായ
ശബ്ദലോഹം മാത്രമാണെന്ന്
തെരുവിലെഴുതിവെച്ച്
ശബ്ദങ്ങളുടെ ചങ്ങല
ഇളകിപ്പാഞ്ഞ് പോകുന്നു.

-----------------------
പുതുകവിത വാർഷികപതിപ്പ്  2012
http://puthukavithanew.blogspot.ae/2012/01/blog-post_8822.html

അലക്കി വെളുപ്പിച്ച വസ്ത്രം

ദൈവം ആദ്യമൊക്കെ മരണത്തെ
ഒരാള്‍ക്ക് കൊടുക്കുക
പുതിയൊരു വസ്ത്രം നല്‍കുക
എന്നതു പോലെയായിരുന്നു.

ജീവികള്‍ പെരുകിയതോടെ
ഓരോരുത്തര്‍ക്കും
പുതിയതായി മരണത്തെ കൊടുക്കുക
അസാദ്ധ്യമായിത്തുടങ്ങി.

ഒരാള്‍ക്ക് കൊടുത്ത മരണത്തെ
തിരിച്ചെടുക്കുക അസാദ്ധ്യവുമാണല്ലൊ..
എങ്കിലും എല്ലാം അറിയിക്കുന്ന
ദൈവം ഇതു മാത്രം ഇന്നു വരെ
മനുഷ്യനെ അറിയിക്കാതെ
ഒരാള്‍ക്കുള്ള മരണത്തെ മരണശേഷം
തിരിച്ചെടുക്കുവാനും
വസ്ത്രങ്ങള്‍ പോലെ
മരണത്തെ അലക്കി വെളുപ്പിച്ച്
വീണ്ടും വീണ്ടും
ഉപയോഗിക്കാനും തുടങ്ങി.

പലര്‍ക്കും മറ്റുള്ളവര്‍ക്കു
കൊടുത്ത മരണം തന്നെയാണ്
തനിക്കും കിട്ടിയതെന്ന അറിവില്ലാതായ്...

ദൈവം എനിക്കു തരുന്ന മരണം
പഴയതാണാവോ?
ദൈവത്തിനല്ലാതെ
ആര്‍ക്കറിയാം ഇത്?.

-----------------------------
http://www.harithakam.com/post-view.php?id=1143

Thursday, May 24, 2012

ഇഴ


മുറിവുകള്‍കൊണ്ടു തുന്നിക്കൂട്ടിയ
ശരീരമാണിപ്പോള്‍ എന്റേത്;
മുറിവുകളുടെ തന്നെ ശയ്യയും.

ജീവന്‍ നൂലിന്റെ പല ഇഴകളില്‍
ഒന്നായ് മാംസത്തില്‍ എവിടെയൊ
ഒളിഞ്ഞിരിക്കുന്നത്
അറ്റു വീഴാന്‍ ഒറ്റമാത്രയേയുള്ളൂ..

ഇപ്പോള്‍ അറ്റുവീണ നൂലിന്നിഴ
ഒരു ചുവപ്പുവസ്ത്രമായ് മാറുകയും
എന്റെ എന്റേതു മാത്രമായ
ലോകമായ് തീരുകയും ചെയ്തു..
----------------------------
മലയാളനാട്

Saturday, April 14, 2012

ദൂരം

തോര്‍ച്ച മാഗസിന്‍ മാര്‍ച്ച് ലക്കം

Sunday, March 25, 2012

മരുവിൽ നിന്നും

മരുഭൂമിയുടെ
വിത്തെടുത്ത് മുളപ്പിച്ച
മരങ്ങൾ നിറഞ്ഞ കാട്;
വെയിൽനിറമുള്ള തണൽ.

മരങ്ങളായ് മാറുന്ന മരുഭൂമിയെ
സ്വപ്നം കണ്ടിരുന്നില്ല;
തിരിച്ചാണ് കണ്ടിരുന്നത്...

കടലുപോലെ ആഴമുള്ളവർക്കുമേൽ
മരുഭൂമികളായ്
മാറിപ്പോകുന്നവരെ പ്രതിഷ്ഠിച്ചു
തുലനപ്പെടുത്തി...
കരഞ്ഞാൽ കടലെടുത്തോളും
ഇല്ലെങ്കിൽ മരുവെടുത്തോളും
രണ്ടുമല്ലാത്തൊരു ജീവിതത്തിൽ.

അവരിൽ നിന്നും
ഇലകൾ പറിച്ചെടുക്കുവാനുമില്ല;
എല്ലുകളിനിയെന്ത്
ഇലകൾ മുളക്കുവാൻ.

ശരീരം നിറയെ
വെയിൽനദിയുമായവർ പോകുന്നു..
ആരും ഇറങ്ങാത്ത
നദികളാണവരിനി;
തീ പിടിക്കുവാൻ
ആരും നദിയിലിറങ്ങില്ലല്ലൊ.
-----------------------------
മലയാളനാടിൽ പ്രസിദ്ധീകരിച്ചത്