Saturday, April 18, 2009

*കപ്പല്‍

കടല്‍ വറ്റിയ ഇടമാണ്‌
(നിന്റ്റെ കണ്ണുകളല്ല)
കടലിന്നടിയിലെ പാറയായിരുന്നു
ഈ പര്‍വതം
തുറന്നു നോക്കിയാല്‍
ജലജീവികളുടെ ഫോസിലുകള്‍
കണ്‍ടേക്കാം.
മടക്കുകളില്‍ ഇത്തിളുകള്‍
കക്കത്തോടുകള്‍ കാണാം
അടര്‍ത്തിയെടുക്കാം.
ഉപ്പുവെള്ളം താഴ്ന്നു താഴ്ന്നു
വറ്റിപ്പോയതിന്നോര്‍മ്മപ്പാളികള്‍.

ഇതിന്നുച്ചിയാണ്‌
നാടു കാക്കാന്‍ നിന്നവരുടെ ഇടം.
ഏതവനും കപ്പലുമായ്
വരുന്നതു കാണാം.

കപ്പല്‍ കാണുന്നേരം
കടലും കപ്പലും ശത്രുക്കള്‍ തന്നെ.
കടല്‍ വറ്റിച്ച് കപ്പലിനോടാന്‍
വഴിയില്ലാതാക്കാന്‍ തോന്നും.
കടല്‍ കുടിച്ചു തീര്‍ക്കുന്ന മല്‍സ്യമേ
നീ വന്നാലും എന്ന പ്രാര്‍ത്ഥന
ജനിക്കും.

അടിയിലെത്തിയപ്പോള്‍
പാമ്പു കൊത്തി നീലിച്ച
ഒരാട്ടിന്‍കുട്ടിയെ കണ്ടു
ഉച്ചിയിലിരുന്ന് കപ്പലു വരുന്നേ
കപ്പലു വരുന്നേ എന്ന് ആട്ടിന്‍ കുട്ടിയോട്
ആര് പറയാന്‍ .

4 comments:

  1. കടലൊഴിഞ്ഞ് കണ്ണീരു വറ്റിയിട്ടാണോ
    ഹൃദയങ്ങള്‍ മരുഭൂമിയാകുന്നത്?

    ReplyDelete
  2. പാമ്പ് കൊത്തി നീലിച്ചു പോയൊരു ആട്ടിന്‍ കുട്ടിയെ പ്പോലെ...

    ReplyDelete
  3. കടല്‍ വറ്റിച്ച് കപ്പലിനോടാന്‍
    വഴിയില്ലാതാക്കാന്‍ തോന്നും.

    പല ശത്രുക്കളോടും തോന്നിയ അതേ വികാരം!

    ReplyDelete
  4. Njan paranjolam.... Nannayirikkunnu...Ashamsakal...!!!

    ReplyDelete